മാഡ്രിഡ്: യൂറോപ്യൻ രാജ്യങ്ങൾ കുടിയേറ്റ നിയമങ്ങൾ കടുപ്പിക്കുന്ന പശ്ചാത്തലത്തിൽ, വിപ്ലവാത്മകമായ നയവുമായി സ്പെയിൻ സർക്കാർ. രാജ്യത്തുള്ള അനധികൃത കുടിയേറ്റക്കാർക്ക് നിയമപരമായി താമസിക്കാനും ജോലി ചെയ്യാനുമുള്ള "സെറ്റിൽമെന്റ് വീസ' നൽകാനുള്ള പൊതുമാപ്പ് പദ്ധതിയിൽ അപേക്ഷിക്കാൻ ഇനി രണ്ടാഴ്ച കൂടി സമയം ബാക്കി.
അപേക്ഷ 10 ലക്ഷം കടക്കും
ആദ്യം അഞ്ച് ലക്ഷം പേരെ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചതെങ്കിലും പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി ഇതുവരെ ഒൻപത് ലക്ഷത്തിലധികം പേർ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞതായി സ്പാനിഷ് കുടിയേറ്റകാര്യ മന്ത്രാലയം വെളിപ്പെടുത്തി.
അപേക്ഷാ കാലാവധി തീരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, ആകെ ഗുണഭോക്താക്കളുടെ എണ്ണം പത്ത് ലക്ഷവും കടന്ന് 1.2 മില്യൺ വരെ എത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
"കുടിയേറ്റം സമ്പദ്വ്യവസ്ഥയ്ക്ക് കരുത്ത്': പ്രധാനമന്ത്രി
അനധികൃതമായി എത്തിയ അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും താമസം നിയമാനുസൃതമാക്കുന്നത് കേവലം കാരുണ്യമല്ല, മറിച്ച് രാജ്യത്തിന്റെ നീതിക്കും സമ്പദ്ഘടനയ്ക്കും അത്യാവശ്യമാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാൻഞ്ചസ് വ്യക്തമാക്കി.
തൊഴിലാളി ക്ഷാമത്തിന് പരിഹാരം: സ്പെയിനിലെ അതിഥിസത്കാര മേഖല, വയോജന പരിചരണം തുടങ്ങിയ രംഗങ്ങളിൽ നിലവിലുള്ള കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാൻ കുടിയേറ്റക്കാർ വലിയ പങ്കാണ് വഹിക്കുന്നത്.
പെൻഷൻ ഫണ്ടിലേക്ക് സംഭാവന: ഇവരുടെ ജോലികൾ നിയമാനുസൃതമാക്കുന്നതിലൂടെ നികുതി വരുമാനവും സാമൂഹ്യ സുരക്ഷാ വിഹിതവും വർധിക്കും. ഇത് രാജ്യത്തെ പൊതു പെൻഷൻ പദ്ധതി കൂടുതൽ സുഗമമാക്കാൻ സഹായിക്കും.
2026 ഏപ്രിലിൽ പദ്ധതി ആരംഭിച്ചതു മുതൽ ഇതുവരെ 3,60,000 താത്കാലിക വർക്ക് പെർമിറ്റുകൾ സ്പെയിൻ നൽകിക്കഴിഞ്ഞു. നടപടികൾക്കായി അപേക്ഷ സ്വീകരിക്കപ്പെട്ടാൽ ഉടൻ തന്നെ, വീസ ലഭിക്കുന്നതിനായി കാത്തുനിൽക്കാതെ കുടിയേറ്റക്കാർക്ക് നിയമപരമായി ജോലി ചെയ്ത് തുടങ്ങാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
വിസ ലഭിക്കാനുള്ള യോഗ്യതകൾ
പ്രധാനമന്ത്രി സാൻഞ്ചസ് കൊണ്ടുവന്ന പ്രത്യേക സർക്കാർ ഉത്തരവ് പ്രകാരം താഴെ പറയുന്ന മാനദണ്ഡങ്ങളാണ് വിസയ്ക്കായി നിശ്ചയിച്ചിട്ടുള്ളത്:
- ക്രിമിനൽ പശ്ചാത്തലമില്ലാത്ത വ്യക്തിയായിരിക്കണം.
- ചുരുങ്ങിയത് അഞ്ച് മാസമെങ്കിലും സ്പെയിനിൽ താമസിച്ചിരുന്നതായി തെളിയിക്കണം.
- സ്പെയിനിൽ ജോലി ചെയ്യുന്നുണ്ടെന്നോ, കുടുംബം കൂടെയുണ്ടെന്നോ അല്ലെങ്കിൽ അടിയന്തിര മാനുഷിക പരിഗണന അർഹിക്കുന്ന നിസ്സഹായാവസ്ഥയിലാണെന്നോ തെളിയിക്കണം.
- ഈ നിബന്ധനകൾ പാലിക്കുന്നവർക്ക് കാലാവധി നീട്ടാൻ കഴിയുന്ന ഒരു വർഷത്തെ താത്കാലിക റെസിഡന്റ് പെർമിറ്റ് ലഭിക്കും.
വ്യാപക വിമർശനവുമായി പ്രതിപക്ഷം
അതേസമയം, ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഈ വൻ ജനപ്രിയ പദ്ധതിക്കെതിരെ കൺസർവേറ്റീവ് പ്രതിപക്ഷമായ പീപ്പിൾസ് പാർട്ടി രംഗത്തെത്തിയിട്ടുണ്ട്.
സ്പെയിനിലെ പൊതുസേവന സംവിധാനങ്ങൾ ഇതിനകം തന്നെ കടുത്ത സമ്മർദത്തിലാണെന്നും 12 ലക്ഷത്തോളം പേർക്ക് ഒന്നിച്ച് വീസ നൽകുന്നത് രാജ്യത്തെ തദ്ദേശീയ ജനങ്ങൾക്ക് തിരിച്ചടിയാകുമെന്നും അവർ വാദിക്കുന്നു.
പലവിധ അഴിമതി ആരോപണങ്ങളിൽ പ്രതിരോധത്തിലായ സർക്കാർ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
എങ്കിലും, ജർമനി ഉൾപ്പെടെയുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങൾ കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുമ്പോൾ, സ്പെയിൻ സ്വീകരിച്ചിരിക്കുന്ന ഈ ഉദാരമായ നിലപാട് യൂറോപ്പിലെ പ്രവാസി സമൂഹത്തിനും അഭയാർഥികൾക്കും വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ്.